യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ സൗദി അറേബ്യ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുമെന്നാണ് വിവരം
/indian-express-malayalam/media/media_files/2025/11/18/trump-saudi-arabia-2025-11-18-07-47-20.jpg)
വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം. ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശി യുഎസ് സന്ദർശിക്കുന്നത്.
സൗദി അറേബ്യയ്ക്ക് യുദ്ധവിമാനം വിൽക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ‘ഞങ്ങൾ അത് ചെയ്യും, എഫ്-35 വിമാനങ്ങൾ വിൽക്കും’ എന്നായിരുന്നു യുഎസ് പ്രസിഡന്റ് പറഞ്ഞത്. സൗദി കിരീടാവകാശിയുടെ യുസ് സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകളിൽ പ്രധാനമാണ് യുദ്ധവിമാനങ്ങളുടെ വിൽപ്പന.
അതേസമയം, യുഎഇയുമായും സൗദി അറേബ്യയുമായും അടുത്ത ബന്ധമുള്ള ചൈന എഫ്-35 വിമാവങ്ങളുടെ സാങ്കേതികവിദ്യ മോഷ്ടിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ സംഭവിക്കാമെന്ന ആശങ്കകളാണ് യുഎഇയുമായുള്ള വിമാന കൈമാറ്റത്തെ പാളം തെറ്റിച്ച മറ്റൊരു ദീർഘകാല ആശങ്കയെന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ മാസം സൗദിയും ചൈനയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തിയിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന കഴിഞ്ഞ വർഷം യുഎസിനെ മറികടന്നിരുന്നു. എന്നാൽ ആയുധ വിൽപ്പനയിൽ ഇപ്പോഴും സൗദിയുടെ പ്രധാനപ്പെട്ട രാജ്യം അമേരിക്ക തന്നെയാണ്.


