
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സരിത്ത്, സന്ദീപ് എന്നി പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതിയുടെ പരാമർശം. പ്രതികൾക്കെതിരെ തെളിവെവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 20 തവണ സ്വർണം കടത്തിയെന്ന ആരോപണത്തിലും തെളിവില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.
കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനും ശിവശങ്കറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിൽ സമാന പങ്കാളിത്തമുള്ള സരിത്തിനും സന്ദീപിനും ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന അഡി. സെഷൻസ് ജഡ്ജി ഡി. സുരേഷ് കുമാറിന്റെ വിധിയിൽ പറയുന്നു.
സരിത്തും, സന്ദീപും മുഖ്യ സൂത്രധാരൻമാരാണെന്ന ഇ ഡി യുടെ വാദത്തിനും തെളിവില്ലെന്ന് കോടതിയുടെ ഉത്തരവിൽ പരാമർശിച്ചു. കേസിന്റെ അന്വേഷണം ഏറെക്കുറേ പൂർത്തിയായി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ സാധ്യതയില്ല. കൊവിഡ് സാഹചര്യത്തിൽ ഇവർ ജയിലിൽ തുടരേണ്ടതില്ലെന്നും കോടതി ചൂണ്ടികാട്ടി. ജനാധിപത്യരാജ്യമെന്ന നിലയിൽ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്. പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻ മതിയായ കാരണമില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.


