കോട്ടയം ജില്ലയിൽ അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് ഓഫിസിന് റവന്യു മന്ത്രി എരുമേലിയിൽ നാളെ കല്ലിടും. അനുയോജ്യമായ സ്ഥലം കിട്ടിയില്ലെന്ന വിഷമം മാറി ഗംഭീരമായ ശിലാ സ്ഥാപനത്തിന് ഒരുങ്ങുകയാണ് എരുമേലിയിലെ സ്മാർട്ട് വില്ലേജ് ഓഫിസ്. ഫണ്ട് കിട്ടിയിട്ടും സ്ഥലം കിട്ടാതിരുന്നത് മൂലമാണ് പുതിയ കെട്ടിടം നിർമിക്കാൻ കഴിയാതിരുന്നത്. പലയിടത്തും സ്ഥലം കണ്ടെത്തിയെങ്കിലും വിവിധ കാരണങ്ങളാൽ അവയൊക്കെ വേണ്ടെന്ന് വെക്കേണ്ടി വന്നു.

അതേസമയം ഒരു രൂപ മുടക്കില്ലാതെ, നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ എരുമേലിയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിട്ടിയതിന് എംഎൽഎ യുടെയും മുൻ വില്ലേജ് ഓഫിസറിൻറെയും പൊതുപ്രവർത്തകനായ യുവാവിൻറെയും പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു.

നിലവിൽ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ പരിമിതികളിൽ ഒതുങ്ങിയ വില്ലേജ് ഓഫിസിനാണ് ഇനി വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടം ഒരുങ്ങുക. അതോടൊപ്പം ശബരിമല സീസണിൽ റവന്യു കൺട്രോൾ റൂമിനും ശബരിമല വിമാനത്താവള പദ്ധതിയുടെ സ്പെഷ്യൽ ഓഫിസിനും ഇവിടെ സൗകര്യം ഒരുക്കാനും തീരുമാനമായി. നിർമാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ 30 ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കും.

ഒപ്പം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പട്ടയ വിതരണവുമുണ്ടാകും. എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ അതിഥിയായി പങ്കെടുക്കും. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിക്കും. എം പി ആന്റോ ആന്റണി, എംഎൽഎ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, വാർഡ് അംഗം ജെസ്‌ന നജീബ് തുടങ്ങിയവർ പങ്കെടുക്കും. ദേവസ്വം ബോർഡ് കെട്ടിടത്തിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. അന്നേ ദിവസം കോട്ടയം ജില്ലയിൽ എരുമേലി ഉൾപ്പടെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫിസുകൾക്കാണ് മന്ത്രി തറക്കല്ല് ഇടുക.

ജില്ലയിൽ ഏറ്റവും വിസ്തൃതി കൂടിയ വില്ലേജ് എരുമേലിയാണ്. രണ്ട് വില്ലേജ് ഓഫിസാക്കി വിഭജിക്കാൻ ഒട്ടേറെ തവണ ആവശ്യം ഉയർന്നതാണ്. 1250 ചതുരശ്ര അടിലിയിലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കുക. 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണ ചുമതല നിർമിതി കേന്ദ്രത്തിനാണ്.


