സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന് പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരണമെന്നും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.


