സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഹയര്‍ സെക്കൻഡറി വകുപ്പിന്റെ ഏകജാലക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 18 വരെ അപേക്ഷ നല്‍കാം.

21 ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് 27 ന് പ്രസിദ്ധീകരിക്കും. വിവിധ ജില്ലകളില്‍ സീറ്റ് കൂട്ടാൻ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് മേഖലയില്‍ 20 ശതമാനവുമാണ് സീറ്റ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒരു ട്രയല്‍ അലോട്ട്മെന്റും മൂന്ന് മുഖ്യ അലോട്ട്മെന്റുകളുമാണ് ഉണ്ടാവുക.

പ്രവേശന നടപടികള്‍ക്ക് മുന്നോടിയായി സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 56,935 പ്ലസ് വണ്‍ സീറ്റ് അധികമായി പ്രവേശന ഷെഡ്യൂളില്‍ ഉൾപെടുത്തിയിരിക്കുകയാണ്.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗവ. ഹയര്‍ സെക്കന്‍ഡറികളില്‍ 30 ശതമാനം സീറ്റും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റുമാണ് വര്‍ദ്ധിപ്പിച്ചത്.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചിരിക്കുന്നത്.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ക്ക് ശേഷം ആഗസ്റ്റ് 17 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും.

സെപ്തംബര്‍ 30 ഓടുകൂടി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.



