വർക്കലയിൽ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വെച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പോലീസിന്റെ പിടിയിൽ. വർക്കല മുണ്ടയിൽ മേലതിൽ ശ്രീനാഗരുകാവ് ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം.

ചിറയിൻകീഴ് സ്വദേശിയായ 34 വയസുള്ള ബൈജുവാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ പായസവും മറ്റ് നിവേദ്യങ്ങളും ഉണ്ടാക്കുന്ന സ്ഥലമായ
തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

സംഭവത്തെ കുറിച്ച് കുട്ടി സ്കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനക്കുശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.


