പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർചെയ്ത് കേരളത്തിൽ നികുതിയടയ്ക്കാതെ ‘റെൻ്റ് എ കാർ’ ആയി ഓടിയ ‘റോൾസ് റോയ്‌സ്’ കാറിനെതിരേ മോട്ടോർവാഹന വകുപ്പ് നടപടി. മൂന്നുകോടി രൂപ വിലയുള്ള കാർ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് അധികൃതർ പിടികൂടിയത്.

കാർ വാടകയ്ക്കെടുത്തവരുടെ മൊഴിപ്രകാരം എറണാകുളത്തുള്ള ഉടമയ്ക്കെതിരേ നടപടിയാരംഭിച്ചു. വാഹനമുടമയ്ക്ക് 12,04,000 രൂപ പിഴയുമിട്ടു. മലപ്പുറം ജില്ലാ എൻഫോഴ്സെന്റ്റ് കോട്ടയ്ക്കൽ കൺട്രോൾ റൂം ഉദ്യോഗസ്ഥരാണ് ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ കാർ കണ്ടെത്തി നിയമനടപടിയാരംഭിച്ചത്.
എറണാകുളത്തുള്ള ട്രാവൽ ഏജൻസി പ്രതിദിനം രണ്ടുലക്ഷം രൂപ വാടകയീടാക്കിയാണ് കാർ വിട്ടുകൊടുത്തിരുന്നത്. വാഹന പരിശോധനയ്ക്കിടെ എം.വി.ഐ. എം.വി. അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ ചോദ്യംചെയ്‌തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.

അടുത്തിടെ വിവാഹം കഴിഞ്ഞ വധൂവരന്മാർ കാറിലുണ്ടായിരുന്നു. എറണാകുളത്തുനിന്ന് കാർ വാടകയ്‌ക്കെടുത്തതാണെന്ന് ഇവർ പറഞ്ഞു. വിലകൂടിയ കാറായതിനാൽ കസ്റ്റഡിയിലെടുക്കാനായില്ല. ലക്ഷങ്ങളുടെ ആഭരണങ്ങളണിഞ്ഞ നവവധുവടക്കമുള്ളവരുടെ സുരക്ഷയും ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി.
തുടർന്ന് വിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ച ഉദ്യോഗസ്ഥർ പിന്നീട് എറണാകുളത്തെത്തിയാണ് നിയമനടപടികൾ സ്വീകരിച്ചത്.
കേരളത്തിലടയ്ക്കാനുള്ള നികുതിയും പിഴയുമെല്ലാമടക്കമാണ് 12,04,000 രൂപയുടെ നോട്ടീസ് ഉടമയ്ക്ക് നൽകിയത്. എ.എം.വി.ഐ.മാരായ പി.കെ. മനോഹരൻ, എം. സലീഷ്, പി. അജീഷ്, വി. രാജേഷ് എന്നിവരും എം.വി.ഡി. സംഘത്തിലുണ്ടായിരുന്നു.



