വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ടിവി ചാനൽ അവതാരകനെ നിരന്തരം പിന്തുടരുകയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന മുപ്പത്തിയൊന്നുകാരിയാണ് പിടിയിലായത്.

അവതാരകന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയ വ്യാജ അക്കൗണ്ടുമായി രണ്ടുവർഷങ്ങൾക്ക് മുൻപാണ് യുവതി സഹൃദം സ്ഥാപിക്കുന്നത്. ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്ന അജ്ഞാതനുമായി യുവതി ചാറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് യഥാർഥ വ്യക്തിയല്ലെന്ന് യുവതി തിരിച്ചറിഞ്ഞു. തുടർന്ന് പ്രൊഫൈലിൽനിന്നു കിട്ടിയ നമ്പറുമായി യുവതി ബന്ധപ്പെട്ടു. ആ ഫോൺ നമ്പറും യഥാർഥ അവതാരകൻ്റേതായിരുന്നു.
തന്റെ ചിത്രവും ഫോൺ നമ്പറും ഉപയോഗിച്ച് വൈവാഹിക വെബ്സൈറ്റിൽ ആരോ വ്യാജ അക്കൗണ്ട് നിർമിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവതാരകൻ യുവതിയെ അറിയിച്ചു. പക്ഷേ, തുടർന്ന് അവതാരകന് യുവതി നിരന്തരമായി സന്ദേശമയയ്ക്കാൻ തുടങ്ങി. ഇത് ബുദ്ധിമുട്ടായതോടെ അയാൾ യുവതിയെ ബ്ലോക്ക് ചെയ്തു.

ഇതോടെ അവതാരകനെ വിവാഹം കഴിക്കുമെന്നുറപ്പിച്ച യുവതി അയാളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. ഇയാളുടെ കാറിൽ നീക്കങ്ങളറിയാൻ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു. താൻ നേരിടുന്ന പ്രശ്നത്തിന് അതോടെ പരിഹാരമാകുമെന്നായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.
നാലുപേരെ വാടകയ്ക്കെടുത്താണ് യുവതി തട്ടിക്കൊണ്ടുപോകൽ നടപ്പിലാക്കിയത്. ഫെബ്രുവരി 11ന് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫിസിൽ എത്തിച്ച് മർദിച്ച് അവശനാക്കി. യുവതിയുടെ ഫോൺകോളുകൾ സ്വീകരിക്കാം എന്ന ഉറപ്പിൽ അവതാരകനെ പിന്നീട് വിട്ടയച്ചു.

പുറത്തിറങ്ങിയ ഇയാൾ താൻ നേരിട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുവതിക്കെതിരേ പരാതി സമർപ്പിക്കുകയായിരുന്നു. അവതാരകന്റെ പരാതിയിൽ പൊലീസ് യുവതിയെയും തട്ടിക്കൊണ്ടുപോകാൻ സഹായിച്ച നാലുപേരെയും അറസ്റ്റുചെയ്തു.


