തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മറ്റ് മൂന്നിടങ്ങളിൽ കൂടി അദ്ദേഹം അന്ന് പര്യടനം നടത്തും. പൊലീസിന്റെ അനുമതി അനുസരിച്ച് പ്രസംഗ സ്ഥലങ്ങൾ തീരുമാനിക്കും. പ്രത്യേക വാഹനം ഇതിനായി ഒരുക്കിയിട്ടുണ്ട്. എഐഎഡിഎംകെയിലെ കലഹങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിജയ് യാത്ര തുടങ്ങുന്നത്. അതേസമയം, കെഎ സെങ്കോട്ടയ്യനെ പാർട്ടിപദവികളിൽ നിന്ന് നീക്കിയതായി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഏകപക്ഷീയമായ നടപടിയെന്നായിരുന്നു സെങ്കോട്ടയ്യന്റെ പ്രതികരണം. ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ എൻഡിഎയിലേക്ക് തിരികെ പോകില്ലെന്ന് ടിടിവി ദിനകരൻ പറഞ്ഞു.

ശശികല, ഒ പനീർ സെൽവം, ടിടിവി ദിനകരൻ എന്നിവരെ 10 ദിവസത്തിനകം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സെങ്കോട്ടയ്യന് പാർട്ടി സ്ഥാനങ്ങൾ നഷ്ടമായത്. വിമർശനങ്ങൾ എടപ്പാടി പളനിസ്വാമിയെ അസ്വസ്ഥനാക്കിയിരുന്നു. ചില നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് സെങ്കോട്ടയ്യനെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. ഇതേ ആവശ്യമുന്നയിച്ച് പ്രവർത്തകർ ഇപിഎസ് നടത്തുന്ന സംസ്ഥാനപര്യടന വാഹനവും തടഞ്ഞിരുന്നു. എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളിൽ ബിജെപിക്കും കടുത്ത അതൃപ്തിയുണ്ട്.


