വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പടമല പനച്ചി സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച കർണാടകത്തിൽ നിന്നെത്തിയ ആനയാണ് ആക്രമണം നടത്തിയത്. അജിയുടെ മൃതദേഹം നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകൾ ഉയർത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

പുലർച്ചെ ആന ജനവാസമേഖയിൽ ഇറങ്ങിയതായി റേഡിയോ കോളർ വഴി നിരീക്ഷിച്ചപ്പോൾ വ്യക്തമായിരുന്നു. വനപാലകർ കാട്ടാനയെത്തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ എന്ന സ്ഥലംവരെ എത്തിച്ചിരുന്നു. എന്നാൽ, കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാൻ പോയ അജിയെ ആന ഓടിക്കുകയായിരുന്നു. അജി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതിൽ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തണ്ണീർക്കൊമ്പനൊപ്പം ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിട്ട ഒരു കാട്ടാനകൂടി വയനാട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസം സി.സി.എഫ്. വ്യക്തമാക്കിയിരുന്നു. റേഡിയോ കോളറിൻ്റെ ആൻ്റിനയും റിസീവറും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് കർണാടകത്തിന് കത്തയച്ചിരുന്നു. എന്നാൽ, ഇൻ്റർനെറ്റ് വഴി ട്രാക്ക് ചെയ്യുന്ന യൂസർ ഐഡിയും പാസ്വേഡും മാത്രമായിരുന്നു കർണാടക നൽകിയത്. ഇതിൽ പലപ്പോഴും വൈകിയായിരുന്നു സിഗ്നൽ ലഭിച്ചിരുന്നത്.




