സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ മാത്രമാണ് ഇനി നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി നടത്തി വന്നിരുന്ന ഓണ്‍ലൈന്‍ ടെസ്റ്റുകളാണ് മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പശ്ചാത്തലത്തിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെയും അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. അതേസമയം ഈ ക്രമീകരണം ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത് അവസാനിപ്പിച്ചിരിക്കുന്നത്.

തുടർന്ന് ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്‌സ് ടെസ്റ്റിനായി ഇന്നു മുതല്‍ ആര്‍ടി ഓഫീസില്‍ എത്തേണ്ടതാണ്. പരീക്ഷയെഴുതുന്നവര്‍ക്ക് വരുന്ന ഒടിപി നമ്പര്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് നൽകുകയും തുടർന്ന് ഇവർക്ക് വേണ്ടി മറ്റാരെയെങ്കിലും ഏര്‍പ്പാടാക്കി പരീക്ഷ എഴുതി ജയിപ്പിക്കുന്നതായിരുന്നു രീതി.

ഇത് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ്, ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ നിന്നും മാറ്റി പഴയരീതിയിലേക്ക് മാറ്റിയത്. ഇന്നുമുതല്‍ (2022 ആഗസ്റ്റ് 22) ടെസ്റ്റ് ഡേറ്റ് ബുക്കുചെയ്തിരിക്കുന്ന അപേക്ഷകര്‍ അതത്ദിവസമോ അല്ലെങ്കില്‍ എസ്.എം.എസായി ലഭിക്കുന്ന തീയതിയിലോ ബുക്കുചെയ്ത ഓഫീസുകളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജെ.ആര്‍.ടി.ഒ., ആര്‍.ടി.ഒ.മാരുമായി ബന്ധപ്പെടണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നു. സബ് ആര്‍ടി ഓഫീസുകളില്‍ 46-60 പേര്‍ക്കും ആര്‍ടി ഓഫീസുകളില്‍ 90 പേര്‍ക്കും പരീക്ഷ എഴുതുന്നതിനു സംവിധാനമൊരുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.


