ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയോധ്യ രാമക്ഷേത്ര ചടങ്ങിനു ശേഷം ക്ഷേത്രം നിർമിക്കാൻ കാലതാമസം വന്നതിൽ രാമനോട് ക്ഷമാപണം നടത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ വിമർശിച്ച് ബിനോയ് വിശ്വം രംഗത്തെത്തിയത്.

ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോ? രാമൻ സഹിഷ്‌ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോദി രാമന്റെ പേരിൽ ബാബറി മസ്‌ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ?- ബിനോയ് വിശ്വം ‘എക്സി’ൽ കുറിച്ചു.

‘ശ്രീരാമന്റെ അസ്‌തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിൽ നീതിന്യായവ്യവസ്ഥയോട് ഞാൻ നന്ദിയറിയിക്കുന്നു. ഞങ്ങളുടെ സ്നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാൽ ഞാൻ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിർമ്മാണം) വർഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമൻ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രസ്താവന.



