ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെ രണ്ടാമതും വിവാഹം കഴിച്ച ഭർത്താവ് തർക്ക പരിഹാരത്തിനായി മുന്നോട്ടുവെച്ച ഫോർമുല വിജയം കണ്ടു. മാസത്തിലെ 15 ദിവസം ഒരു ഭാര്യയോടും അടുത്ത 15 ദിവസം രണ്ടാമത്തെയാളോടും കഴിയാമെന്നായിരുന്നു ഉരുത്തിരിഞ്ഞുവന്ന പ്രശ്ന പരിഹാര ഫോർമുല. പൊലീസ് ഇടപെട്ടിട്ട് പോലും തീരാത്ത പ്രശ്നം ഇതോടെ അവസാനിച്ചുവെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.

രണ്ടാം വിവാഹം കഴിച്ചതിന് ശേഷവും ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നില്ല. പിന്നാലെ തർക്കം ഉടലെടുത്തു. വിഷയം പൊലീസിന്റെ മുന്നിലുമെത്തി. പ്രശ്നപരിഹാരത്തിനായി കൗൺസലിങ്ങും നടത്തി. പിന്നാലെയാണ് ഒത്തുതീർപ്പ് ഫോർമുല ഉരുത്തിരിഞ്ഞത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം മാസത്തിലെ 15 ദിവസം വീതം ഇരുഭാര്യമാരോടും ഒപ്പം ഭർത്താവ് താമസിക്കണം. ആദ്യ വിവാഹത്തിലുള്ള കുഞ്ഞിന്റെ ചെലവ് ഭർത്താവ് വഹിക്കണമെന്ന ആവശ്യവും
അംഗീകരിക്കപ്പെട്ടു.
15 വർഷം മുമ്പായിരുന്നു ഉജ്ജയിൻ സ്വദേശിയുടെ ആദ്യ വിവാഹം. പിന്നാലെ കുഞ്ഞും പിറന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ഭർത്താവിനും ഭാര്യയ്ക്കുമിടയിൽ ഭിന്നതകൾ വളർന്നു. വഴക്കും പതിവായി. പ്രശ്നം വഷളായതോടെ ഇരുവരും വിവാഹമോചനത്തിനും അപേക്ഷിച്ചു.
വിവാഹമോചന അപേക്ഷയിൽ നിയമനടപടികൾ കോടതിയിൽ നടന്നുകൊണ്ടിരിക്കെ തന്നെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചു. എന്നാൽ ഇതോടെ ആദ്യ ഭാര്യ ഭർത്താവിന്റെ അടുത്തേക്ക് മടങ്ങിയെത്തി. മറ്റൊരു സ്ത്രീയുമായി ഭർത്താവ് കഴിയുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ആദ്യ ഭാര്യയുടെ മടക്കം.

ആദ്യ ഭാര്യ വീട്ടിലെത്തിയതിൽ ക്ഷുഭിതയായ രണ്ടാം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിന്റെ പേരിൽ ആദ്യഭാര്യയുമായി ഭർത്താവ് വഴക്കിടുകയും പരാതി പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. പ്രശ്നപരിഹാരം അസാധ്യമായതോടെ മൂന്നുപേരെയും കൗൺസിലിങ്ങിന് വിധേയരാക്കി. അതിനിശേഷമാണ് ദിവസം വീതിച്ചുനൽകിയുള്ള ഒത്തുതീർത്ത് വ്യവസ്ഥകളിലേക്ക് മൂന്നുപേരും എത്തിയത്.


