പുരാവസ്തു ഗവേഷണത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മോൻസൻ മാവുങ്കലുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്. ഐ.ജി. ജി. ലക്ഷ്മൺ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ക്രൈം ബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്.

ഇതുവരെ നടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അറിയിച്ചത്. തട്ടിപ്പിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പങ്ക് അന്വേഷിക്കുന്നു. മോൻസൻ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.

ഐജി ലക്ഷ്മണ അടക്കമുള്ളവരെ പ്രതിചേർക്കണമെന്ന ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. അതിനിടെ മോൻസനുമായി ബന്ധമുള്ളതിന്റെ പേരിൽ സസ്‌പെൻഷനിലാണ് ഐജി ഗോഗുലത്ത് ലഷ്മണിന്റെ സസ്‌പെൻഷൻ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു.

അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരച്ചെടുക്കുന്ന നടപടി ശരിയല്ലെന്ന് കമ്മറ്റി വിലയിരുത്തി. തുടർന്ന് 90 ദിവസം കൂടി സസ്‌പെൻഷൻ തുടരണമെന്ന കമ്മിറ്റി ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. പട്രോളിംഗ് ബുക്ക് മോൻസന്റെ വീട്ടിൽ വെച്ചത് സാധാരണ നടപടിയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



