മോദി ഭരണത്തിൽ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സമ്പദ്ഘടനയും താറുമാറായെന്ന് സാമ്പത്തിക വിദഗ്‌ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവുമായ പറക്കാല പ്രഭാകർ. മണിപ്പുരിലുണ്ടായത് കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച കവി എസ്. രമേശൻ നായർ അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു പറക്കാല പ്രഭാകർ.

1947 മുതൽ 2014 വരെ രാജ്യത്തിൻ്റെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇത് ഉയർന്ന് 150 ലക്ഷം കോടി രൂപയായി. തൊഴിലില്ലായ്‌മ കുതിച്ചുയരുന്നു. 1990നു ശേഷം ആദ്യമായി 30 കോടി ജനങ്ങൾ വീണ്ടും പട്ടിണിയിലായി. ലോക പട്ടിണി സൂചികയിൽ ഇന്ത്യ ഏറെ താഴെയാണ്.

എന്നാൽ 23 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കൈപിടിച്ചു കയറ്റി എന്നാണ് സർക്കാരിൻ്റെ ഭാഷ്യം. ഈ കണക്കൊക്കെ തെറ്റാണെന്നും വിമർശകർ ഇന്ത്യാ വിരുദ്ധരാണ് എന്നുമാണ് സർക്കാരിന്റെ അവകാശവാദം. യാഥാർഥ്യത്തെ കുറിച്ച് ആരുസംസാരിച്ചാലും അവരൊക്കെ ഇന്ത്യാവിരുദ്ധരായി മുദ്ര കുത്തപ്പെടുന്ന അവസ്ഥയാണ് നിലവിൽ, അദ്ദേഹം പറഞ്ഞു.

പട്ടിണി ഇല്ലാതാക്കിയെങ്കിൽ എന്തുകൊണ്ടാണ് അടുത്ത അഞ്ചുകൊല്ലത്തേക്കു കൂടി പാവപ്പെട്ടവർക്കുള്ള റേഷൻ തുടരുന്നത്. സർക്കാർ തരുന്ന ഒരു കണക്കുകളും ഇപ്പോൾ വിശ്വസനീയമല്ല. കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തികവിഹിതം നൽകാതെ ബുദ്ധിമുട്ടിക്കുകയാണ്.

മണിപ്പുർ ഇപ്പോഴും സാധാരണ നിലയിലേക്കു മടങ്ങിവന്നിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ വാർത്തകളൊന്നും പുറത്തുവരുന്നില്ല. ഇത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആർക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.


