ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അവരുടെ എല്ലാ അമർഷവും തീർത്തുകാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് തൻ്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

ഒരുപക്ഷേ ഇറാന് മേഖലയിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ കഴിയും, ഇസ്രയേലിനെയും അങ്ങനെ ചെയ്യാൻ ഞാൻ പ്രോത്സാഹിപ്പിക്കും- ട്രംപ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനെതിരായി നടത്തിയ തിരിച്ചടി വളരെ ദുർബലമായിപ്പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ 14 മിസൈലുകളാണ് ഖത്തറിലെ യു.എസ്. സൈനിക താവളത്തിലേക്ക് അയച്ചത്. ഇതിൽ 13 എണ്ണവും വെടിവെച്ചിട്ടെന്നും ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ മാത്രം വെടിവെച്ചിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു.

മാത്രമല്ല, മുൻകൂട്ടി മുന്നറിയിപ്പ് നൽകിയതിന് ഇറാന് നന്ദിപറയാനും ട്രംപ് മറന്നില്ല. ഇറാൻ ആക്രമണ വിവരം മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് ആളുകളുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ യു.എസിൻ്റെ ഏറ്റലും വലിയ സൈനിക താവളമാണ് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം. 100 വിമാനങ്ങൾ ഒരേസമയം നിർത്തിയിടാൻ സാധിക്കുന്ന തരത്തിൽ 60 ഏക്കറിലായി പടർന്നുകിടക്കുന്ന ഈ വ്യോമതാവളത്തിൽ 10,000 യു.എസ് സൈനികരുമുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക നീക്കങ്ങൾ ഇവിടം കേന്ദ്രമാക്കിയാണ് യു.എസ്. നടത്തിയിരുന്നത്. 1996ലാണ് ഈ വ്യോമതാവളം യു.എസ്. സ്ഥാപിക്കുന്നത്.



