ദുബായിലെ മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്‌താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി എത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകി എബിവിപി. കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷനെതിരെയാണ് പരാതി. അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നതാണ് എബിവിപി ആവശ്യം.
കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷൻ കഴിഞ്ഞയാഴ്‌ച ദുബായിലെ പാകിസ്‌താൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അഫ്രീദി എത്തിയത്. മുൻ പാക് പേസ് ബൗളർ ഉമർ ഗുല്ലും അഫ്രീദിക്ക് ഒപ്പമുണ്ടായിരുന്നു. പരിപാടിയുടെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചതോടെ മലയാളി വിദ്യാർഥി കൂട്ടായ്‌മ അഫ്രീദിക്ക് സ്വീകരണമൊരുക്കി എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനിടെ അഫ്രീദി മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിഷേധം. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷൻ വിശദീകരണവുമായി രംഗത്തെത്തി.
പാക് താരങ്ങൾ തങ്ങളുടെ പരിപാടിയിൽ ക്ഷണിക്കപ്പെടാതെ എത്തിയതാണെന്നും ഇവർ ഇതേ ഹാളിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടവരായിരുന്നുവെന്നുമായിരുന്നു വിശദീകരണം. ക്ഷണിക്കാതെയാണ് ഇവർ വന്നതെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തിയ ഇരുവരെയും ആ സമയം ഇറക്കിവിടാൻ കഴിഞ്ഞില്ലെന്നും സംഘാടനത്തിൽ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.



