ബെംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പിടികൂടാനാകാതെ പൊലീസ്. മാസങ്ങള്‍ പിന്നിട്ടിട്ടും തളിപ്പറമ്പ് സ്വദേശിയായ അനീഷ് കോയാടനെ കുറിച്ച് വിവരമില്ലാത്തതോടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

ഭര്‍ത്താവ് അനീഷിനെതിരെ തുടക്കം മുതല്‍ ശ്രുതിയുടെ ബന്ധുക്കള്‍ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അനീഷ് മദ്യപിച്ചെത്തി ശ്രുതിയെ മര്‍ദ്ദിക്കുന്നത് പതിവാണ്.

ശ്രുതിയുടെ നീക്കങ്ങളും സംസാരവും റെക്കോഡ് ചെയ്യാന്‍ വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. ജനുവരി 15ന് അനീഷും ശ്രുതിയുമായി വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ തലയണ ഉപയോഗിച്ച് ശ്രുതിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ശ്രുതിയെ രക്ഷിച്ചതെന്നും സഹോദരന്‍ നിശാന്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്വന്തം വീട്ടിലേക്ക് ശ്രുതി പണമയച്ച് കൊടുക്കുന്നതായി ആരോപിച്ച് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും നിശാന്ത് പൊലീസിനെ അറിയിച്ചിരുന്നു.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ് മരിച്ച ശ്രുതി. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

മാര്‍ച്ച് 20നാണ് ശ്രുതിയെ വൈറ്റ് ഫീല്‍ഡിലെ നല്ലുറഹള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ താമസസ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നാലെ പൊലീസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. വിവാഹ ജീവിതത്തില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിട്ടതായി മരിച്ച ശ്രുതി ആത്മഹത്യാ കുറിപ്പിലെഴുതി.

ഇനി ഒരു വിവാഹം കഴിച്ചാല്‍ തന്നോട് പെരുമാറിയത് പോലെ മറ്റൊരു പെണ്ണിനോടും പെരുമാറരുതെന്നും ശ്രുതി ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നു.


