സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തു. മദ്യലഹരിയിലായിരുന്ന ചിങ്ങോലി സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അനന്തൻ, ജയന്തൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഹരിപ്പാട് നങ്ങ്യാർകുളങ്ങരക്ക് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രി സംരക്ഷണ നിയമം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇരുവരും മദ്യലഹരിയിലാണെന്ന് വ്യക്തമായത്. തുടർന്ന് വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോളായിരുന്നു പൊലീസിനേയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചത്.
ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന ബോർഡും പ്രതികൾ നശിപ്പിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുവരെയും കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്.


