മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്പിള്ളിപ്പറമ്പ് തുണ്ടിപറമ്പിൽ ജോയിയുടെ മകൻ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുവിൻ്റെ സുഹൃത്തും അയൽവാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ (31) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

വിഷു ദിവസം രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഞായറാഴ്‌ച രാത്രി പത്തരയോടെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നു മനു. ഈ സമയം ജസ്റ്റിൻ വരുകയും സുഹൃത്തുക്കളോട് സദാചാര വിരുദ്ധമായി സംസാരിക്കുകയും ചെയ്തു. ഇതു വിലക്കിയ മനു തർക്കത്തിനിടെ ജസ്റ്റിൻ്റെ മുഖത്തടിച്ചു.

ഇതിൽ പ്രകോപിതനായ ജസ്റ്റിൻ സമീപത്തുള്ള വീട്ടിൽ പോയി മൂർച്ചയുള്ള ആയുധം എടുത്ത് മനുവിൻ്റെ വീടിനു സമീപമെത്തി മാമ്പിള്ളിപ്പറമ്പ് റോഡിൽനിന്നു വെല്ലുവിളിച്ചു.

ഇതുകേട്ട് ഇറങ്ങിച്ചെന്ന മനുവിനെ ജസ്റ്റിൻ നെഞ്ചിൽ കുത്തുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ മനുവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സോണിയ. സഹോദരി: സിനി. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.



