മകനെ മർദിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിലായി.

വൈപ്പിൻ സ്വദേശി ടിന്റു, മിഥുൻ മോഹൻ എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദീനാണ് മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞു വീണു മരിച്ചത്.

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ് ഹോൺ മുഴക്കി തുടർന്ന് ബസ് കാറിനെ ഓവർ ടേക്ക് ചെയ്തു.

യാത്രക്കാരെ കയറ്റാൻ നിർത്തിയ സമയം വാഹനം ബസിനെ കടന്ന് പോയിരുന്നു. പിന്നീട് അമിത വേഗത്തിൽ എത്തിയ ബസ് വീണ്ടും ഹോൺ മുഴക്കി ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കാറിൻ്റെ സൈഡ് മിററിൽ ഇടിക്കുകയും ചെയ്‌തു.

ഇത് ചോദിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ബസിൽ നിന്നും കാക്കി ധരിച്ച 4 പേർ ഇറങ്ങി വന്നു. ഒരാൾ കത്തിയുമായാണ് വന്നത്. ഗുണ്ടകളെ പോലെ പെരുമാറുകയും കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്.



