ഭർത്താവിന് സൗന്ദര്യമില്ലെന്ന് ആരോപിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ 26 വയസുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഭർത്താവിന്റെ കറുത്ത നിറത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാവുകയും യുവതി വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

ഇപ്പോൾ 26 വയസ് പ്രായമുള്ള പ്രേംശ്രീ എന്ന യുവതിയെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2017ൽ പ്രേംശ്രീയും, കുർ ഫത്തേഹ്ഗറിലെ ബിചേതാ ഗ്രാമവാസിയായ സത്യവീർ സിങും തമ്മിലുള്ള വിവാഹം നടന്നു. അന്നു മുതൽ തന്നെ ഭർത്താവിന്റെ ‘കറുത്ത നിറത്തെച്ചൊല്ലി’ യുവതി പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതിരുന്ന സത്യവീർ വിവാഹ ബന്ധത്തിൽ തന്നെ മുന്നോട്ടുപോയി, 2018 നവംബറിൽ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.
കുഞ്ഞ് ഉണ്ടായതിന് ശേഷവും ഭർത്താവിന്റെ സൗന്ദര്യമില്ലായ്മ പറഞ്ഞ് യുവതി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. വിവാഹ മോചനത്തിന് സമ്മതിക്കാതിരുന്നതോടെ 2019 ഏപ്രിൽ അഞ്ചിന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സത്യവീർ സിങിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് യുവതി തീ കൊളുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കുകളോടെ ഏതാനും മണിക്കൂറുകൾ മരണത്തോട് മല്ലടിച്ച ശേഷം സത്യവീർ തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി.
സത്യവീർ സിങിന്റെ സഹോദരൻ ഹർവീറാണ് സംഭവത്തിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രേംശ്രീ അറസ്റ്റിലായി. സത്യവീറിന്റെ മരണ മൊഴിൽ ഭാര്യയാണ് തന്നെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് 32 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. സംഭവം നടക്കുന്നതിന്റെ തൊട്ട് തലേ ദിവസമാണ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ അടുത്ത് നിനന് താൻ വിളിച്ചുകൊണ്ട് വന്നത്. ഭാര്യയ്ക്ക് തന്നെ ഇഷ്ടമല്ലെന്നും ഉപേക്ഷിക്കാനാണ് തീരുമാനമെന്നും അവളുടെ വീട്ടുകാർ പറഞ്ഞുവെന്നും മരണ മൊഴിയിലുണ്ട്. പിറ്റേ ദിവസം രാവിലെ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനിടെ ഭാര്യ തന്നെ തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ ശേഷം താൻ അനുഭവിച്ച ദുരിതങ്ങളും അദ്ദേഹം മരണമൊഴിയിൽ വിവരിച്ചു. കറുത്ത നിറമായിരുന്നതിനാൽ ഭാര്യ ഒരിക്കലും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. വിവാഹമോചനം നൽകണമെന്നായിരുന്നു ആവശ്യം. അത് ചെയ്തില്ലെങ്കിൽ തീ കൊളുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇന്ന് അവൾ അത് ചെയ്യുകയും ചെയ്തു. മരണ മൊഴി നൽകി അധികം കഴിയുന്നതിന് മുമ്പ് സത്വവീർ മരണപ്പെട്ടു.

2021ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 10 സാക്ഷികളെ പ്രതിക്കെതിരെ വിസ്തരിച്ചു. അതേസമയം ഭർത്താവിനെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും തനിക്ക് അതിനിടെ പൊള്ളലേറ്റുവെന്നും പ്രേംശ്രീ വാദിച്ചു. എന്നാൽ ഈ മൊഴിയിലെ വൈരുദ്ധ്യം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. അയൽവാസികൾ എത്തിയപ്പോൾ അവർക്കായി വാതിൽ തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്ന് ആരാഞ്ഞ കോടതി, യുവതിയുടെ കൈയിൽ പൊള്ളലേറ്റിരുന്നില്ലെന്നും ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കൈയിലാണ് പൊള്ളലേൽക്കാറുള്ളതെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വിധി കേൾക്കാണ് അഞ്ച് വയസുള്ള മകൾക്കൊപ്പമാണ് പ്രേംശ്രീ എത്തിയത്. താൻ നിരപരാധിയാണെന്നും വസ്തു തർക്കത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ തന്നെ കുടുക്കിയതാണെന്നും അവർ വിധിക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തും കുട്ടിയെ വളർത്താനുള്ള ഉത്തരവാദിത്തം കണക്കിലെടുത്തും ശിക്ഷാ ഇളവ് നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം സത്യവീർ സിങിന്റെ പിതാവ് മഹേന്ദ്ര സിങ് വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു.


