ബ്രിട്ടനിൽ മലയാളി യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുത്തേറ്റുമരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ്(37) കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 വയസുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിലാണ് യുവാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. ഒടുവിൽ ഇത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. അരവിന്ദിന് കുത്തേറ്റതിനു പിന്നാലെ ഫ്ളാറ്റിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിച്ചു.
ഉടൻ മെഡിക്കൽ സംഘവുമായി പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക വൈദ്യപരിചരണം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചു തന്നെ അരവിന്ദ് മരിച്ചു. തർക്കത്തിനു കാരണം വ്യക്തമായിട്ടില്ല. പ്രതിക്കു പുറമെ ഫ്ളാറ്റിലെ മറ്റു താമസക്കാരെയും പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാർത്ഥി വിസയിൽ 10 വർഷം മുൻപ് ബ്രിട്ടനിലെത്തിയതാണ് അരവിന്ദ് ശശികുമാർ. അവിവാഹിതനാണ്.


