കരുണയുടേയും സ്നേഹത്തിൻ്റേയും സാഹോദര്യത്തിന്റേയും മഹദ്വക്താവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിലാപങ്ങളോടെ വിട നൽകി ലോകം. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികൾ ബസലിക്കയുടെ പുറത്ത് പ്രാർഥനകളോടെ നിൽക്കുന്നുണ്ടായിരുന്നു. മാർപാപ്പയുടെ ആഗ്രഹപ്രകാരമായിരുന്നു സെൻ്റ് മേരി മേജർ ബസലിക്കയിൽ കബറടക്കം നടത്തിയത്. കർദിനാൾ കോളേജ് ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കൾക്ക് കാർമികത്വം നിർവഹിച്ചു.
ശനിയാഴ്ച പ്രദേശികസമയം എട്ടുമണിയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദർശനം അവസാനിച്ചതിനുപിന്നാലെ പ്രാർഥനകൾക്കുശേഷം ഭൗതികശരീരം സെൻ്റ് മേരി മേജർ ബസലിക്കയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വിലാപയാത്രയിൽ വൻജനാവലി പങ്കെടുത്തു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ്, യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലെൻസ്കി,ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാനുവൽ മാക്രോൺ, സ്പെയിൻ രാജാവ് ഫിലിപ് VI, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ, വില്യം രാജകുമാരൻ തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവൻമാർ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.
തിങ്കളാഴ്ച്ചയാണ് മാർപാപ്പ ദിവംഗതനായത്. മൂന്നു ദിവസമായി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ രണ്ടരലക്ഷത്തോളം പേർ അന്ത്യാഞ്ജലിയർപ്പിച്ചു. റോമിലെ പുരാതനദേവാലയങ്ങൾ സ്ഥിതിചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നായിരുന്നു വിലാപയാത്ര. പാവങ്ങളുടെ പാപ്പയായിരിക്കാൻ ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാൻ സാന്താ മരിയ മാർജറിയിൽ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ‘ഫ്രാൻസിസ്കസ്’ (ഫ്രാൻസിസ് എന്നതിൻ്റെ ലത്തീൻ നാമം) എന്നുമാത്രമേ ശവകുടീരത്തിൽ എഴുതൂ. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമാണ് ഇതുരണ്ടും. ഞായറാഴ്ച്ച രാവിലെമുതൽ ജനങ്ങൾക്ക് ശവകുടീരം സന്ദർശിക്കാം.
ഫ്രാൻസിസ് പാപ്പയുടെ സംസ്കാരം നടന്ന് 15-20 ദിവസത്തിനുശേഷം പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിൽ തുടങ്ങും.


