‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന സിനിമയിലെ അഭിനയത്തിന് കടുത്തവിമർശനങ്ങൾ നേരിട്ടതിനാൽ ഒളിച്ചുകഴിയേണ്ടിവന്നെന്ന് നായകൻ ജെയ്മി ഡോർനൻ്റെ വെളിപ്പെടുത്തൽ. ഭാര്യ അമേലിയ വാർണർക്കും മൂത്തകുട്ടിക്കുമൊപ്പമായിരുന്നു ഒളിവുജീവിതം.

സിനിമയുടെ സംവിധായിക സാം ടെയ്‌ലർ ജോൺസണും ഭർത്താവ് ആരോണുമാണ് ഇതിനായി വീടു സംഘടിപ്പിച്ചുകൊടുത്തതെന്നും ലോറൻ ലവേണുമായുള്ള അഭിമുഖത്തിൽ ഡോർനൻ പറഞ്ഞു.

ഇ.എൽ. ജെയിംസിൻ്റെ പ്രശസ്‌ത നോവലാണ് 2015-ൽ ജോൺസൺ അതേപേരിൽ സിനിമയാക്കിയത്. അതിലെ നായകൻ ക്രിസ്റ്റ്യൻ ഗ്രേയായാണ് ഡോർനൻ അഭിനയിച്ചത്. 2013-ൽ ‘ദ ഫോൾ’ എന്ന ടി.വി. സീരിയലിലെ അഭിനയത്തിന് വൻ പ്രശംസയും ബാഫ്റ്റ് നാമനിർദേശവും ലഭിച്ച നടനാണ് വടക്കൻ അയർലൻഡുകാരനായ ഡോർനൻ.

‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ തിയേറ്ററിൽ വൻ വിജയം നേടിയതോടെ, അതിന്റെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങി. ഡോർനൻതന്നെയാണ് അവയിൽ നായകനായത്. അയർലൻഡിലെ മഹാനടൻമാരിൽ ഒരാളായി 2020 ‘ഐറിഷ് ടൈംസ്’ ഡോർനനെ തിരഞ്ഞെടുത്തിരുന്നു.



