പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച കശ്‌മീരിൽ. ശ്രീനഗറിൽ 6,400 കോടിയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പൊതുസമ്മേളനത്തിലും പങ്കെടുക്കും. കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം മോദി ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും മോദിയുടെ ഇന്നത്തെ സന്ദർശനത്തിനുണ്ട്.

ശ്രീനഗർ സ്റ്റേഡിയത്തിൽ നടക്കുന്ന ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. കശ്‌മീരിൽ പുതുതായി സർക്കാർ ജോലി ലഭിച്ച ആയിരം പേർക്കുള്ള നിയമന ഉത്തരവും കൈമാറും. വിവിധ കേന്ദ്ര പദ്ധതികളിൽ ആനുകൂല്യം ലഭിച്ചവരുമായും കർഷകരുമായും സംവദിക്കുന്നുണ്ട്. രാജ്യത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും വികസിപ്പിക്കുന്നതിനുള്ള 43 പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് കശ്‌മീരിൽ ഒരുക്കിയിരിക്കുന്നത്. മോദിയുടെ റാലി നടക്കുന്ന ഭക്ഷി സ്റ്റേഡിയം സുരക്ഷാ വലയത്തിലാണ്. ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിപാടികൾ നടക്കുന്ന വേദികൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിൽ സുരക്ഷാസേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഝലം, ദാൽ നദികളിൽ നിരീക്ഷണത്തിനായി കമാൻഡോകളെയടക്കം വിന്യസിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്‌കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്‌ച നടത്താനിരുന്ന ബോർഡ് പരീക്ഷകൾ അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സന്ദർശനത്തിൽ, കശ്മീരിലെ നിയസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമോയെന്ന് ഉറ്റുനോക്കുകയാണ് പ്രതിപക്ഷകക്ഷികൾ. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ അനുച്ഛേദം 370 റദ്ദാക്കി സംസ്ഥാനത്തെ ജമ്മു കശ്മീരിർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിമാറ്റിയത്.


