കടുത്ത വേനലിൽ വെന്തുരുകി കേരളം. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാൾ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത്. വരുന്ന മാസങ്ങളിൽ ചൂട് അതിഭീകരമായി മാറുമെന്നുള്ളതിൻ്റെ സൂചനകൾ കൂടിയാണ് ഇത് കാണിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

നിലവിലെ സാചര്യമനുസരിച്ച് ഈയടുത്ത് സംസ്ഥാനം കണ്ട ഏറ്റവും ഭീകരമായ ചൂട് കാലാവസഥയായിരിക്കും സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

പകൽ കടുത്ത ചൂടും രാത്രിയിൽ നേരിയ തണുപ്പും ജനങ്ങളുടെ ഉറക്കത്തെ വരെ ബാധിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പല പ്രദേശങ്ങളിലും കടുത്ത ചൂട് മൂലം ജലദൗർലഭ്യവും നേരിട്ടുതുടങ്ങിയിട്ടുണ്ട്. വരുന്ന മാസം സംസ്ഥാനം നേരിടാൻ പോകുന്നത് കനത്ത ചൂടായിരിക്കുമെന്നുള്ള മുന്നറിയിപ്പും സംസ്ഥാന കാലാവസ്ഥ വിഭാഗം നൽകിയിട്ടുണ്ട്.

അതേസമയം പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇതെന്നാണ് വദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദർ പറയുന്നു.

അങ്ങനെയെങ്കിൽ ഇത് മണ്‍സൂണിനെയും ബാധിച്ചേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയതിനാൽ കടുത്ത വരൾച്ചയ്ക്കാകും സംസ്ഥാനം ഇനിയുള്ള ദിനങ്ങളിൽ സാക്ഷ്യം വഹിക്കുക. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന സാഹചര്യമായിരിക്കും സംസ്ഥാനത്ത് വരാൻ പോകുന്നതെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


