
രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി. വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറക്കുന്നതിനു മുമ്ബേ സ്ഥിരം രജിസ്ട്രേഷൻ നൽകും.പുതിയ വാഹനങ്ങൾക്ക് ഇനി ഷോറൂമിൽ വെച്ചു തന്നെ അതിസുരക്ഷാ നമ്ബർപ്ലേറ്റും ഘടിപ്പിക്കും. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശമാണ് മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയത്. വ്യാഴാഴ്ചമുതൽ ഇത് പ്രാബല്യത്തിൽ വരും.
അതിസുരക്ഷാ നമ്ബർപ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വർഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളിൽനിന്ന് ഓൺലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകൾ നൽകേണ്ടത്.
റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ചശേഷം ഇൻഷുറൻസ് എടുക്കണം. ഫാൻസി നമ്ബർ വേണമെങ്കിൽ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളിൽ ഉടൻ സ്ഥിര രജിസ്ട്രേഷൻ അനുവദിക്കും. വൈകീട്ട് നാലിനുമുമ്ബ് വരുന്ന അപേക്ഷകളിൽ അന്നുതന്നെ നമ്ബർ അനുവദിക്കണം.
രജിസ്ട്രേഷൻ നമ്ബർ അപ്പോൾത്തന്നെ ഡീലർക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്ബർപ്ലേറ്റ് തയ്യാറാക്കി വാഹനത്തിൽ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ.ഫാൻസി നമ്പർ
ബുക്ക് ചെയ്യുന്നവർക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷൻ അനുവദിക്കും. എന്നാൽ, വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കാനാവില്ല.
ഓൺലൈൻ ലേലംവഴി നമ്പർ എടുക്കുന്നതുവരെ ഷോറൂമിൽ തുടരണം. ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്നുവെച്ചാൽ അക്കാര്യം മോട്ടോർവാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയിൽനിന്ന് നമ്പർ അനുവദിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാൽവഴി ലഭിക്കും.


