കെഎസ്ആർടിസിക്കായി വാങ്ങിയ പുതിയ ബസുകൾ ഓടിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കഴിഞ്ഞദിവസം കെഎസ്ആർടിസിക്ക് ടാറ്റയുടെ രണ്ട് ബസുകൾ കൈമാറിയിരുന്നു. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസ്സുകളായിരുന്നു ഇവ. ഇതിൽ സൂപ്പർ ഫാസ്റ്റാണ് മന്ത്രി ട്രയൽ റൺ നടത്തിയത്. ബസ് ഓടിക്കുന്ന വീഡിയോ ഗണേഷ് കുമാർ ഫെയ്സ് ബുക്കിലും പങ്കുവെച്ചു.

‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു. കെഎസ്ആർടിസിക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചു ട്രയൽ നോക്കി. ചില നിർദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തും. പുതിയ ടെക്നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ…’ വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.

ആറുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആർടിസിക്ക് പുതിയ ബസുകളെത്തുന്നത്. 2018-ൽ 100 ഡീസൽ ബസുകൾ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നൽകിയിരുന്നത്. ടാറ്റയിൽനിന്ന് വാങ്ങുന്ന 80 ബസുകളിൽ സൂപ്പർഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്.

ബസ് വാങ്ങാൻ 107 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചത്. ഇതിൽ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതിൽ 106 എണ്ണം സ്വിഫ്റ്റിന് നൽകും. അശോക് ലൈലൻഡ്, ഐഷർ കമ്പനികളിൽനിന്നും ബസുകൾ വാങ്ങുന്നുണ്ട്.



