ഉത്സവ സീസണില്‍ പാല്‍ വില വീണ്ടും വര്‍ധിപ്പിച്ച് അമുല്‍. പാലിന്റെ നിരക്ക് ലിറ്ററിന് 2 രൂപയാണ് കൂട്ടിയത്. ഇതോടെ ഫുള്‍ ക്രീം പാലിന്റെ വില ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായി ഉയര്‍ന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ പാല്‍ വിതരണക്കാരായ അമുല്‍ ബ്രാന്‍ഡിന്റെ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡാണ് വില വര്‍ധിപ്പിച്ചത്.

ഇത് ഗാര്‍ഹിക ബജറ്റിനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ആശങ്ക. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വില ഉയര്‍ത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഫുള്‍ ക്രീം മില്‍ക്ക്, എരുമപ്പാല്‍ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിച്ചതായി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് എംഡി ആര്‍ എസ് സോധി പ്രസ്താവനയില്‍ പറഞ്ഞു.

ഗുജറാത്തിലെ മറ്റ് ചില വിപണികളില്‍ ഡയറി ഫാറ്റ് വില വര്‍ധിച്ചതിനാലാണ് ഗോള്‍ഡ്, എരുമപ്പാല്‍ എന്നിവയുടെ വില ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചത്. സംഭരണച്ചെലവിലുണ്ടായ വര്‍ധനയ്ക്ക് പരിഹാരമായി മദര്‍ ഡയറിയും നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലും പാല്‍ വില വര്‍ധിപ്പിച്ചിരുന്നു.

രണ്ട് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ വര്‍ദ്ധനവ് നിലവില്‍ വന്നത്. ഓഗസ്റ്റില്‍ അമുലിന്റെ ഗോള്‍ഡ്, ശക്തി, താസ പാല്‍ ബ്രാന്‍ഡുകളുടെ വില ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.



