പാലക്കാട് അപകടത്തിൽ പരിക്കേറ്റ് കൈ അറ്റു പോയി യുവതി മരിച്ച സംഭവത്തിൽ മറ്റൊരു വാഹനം ഇടിച്ചതിന് തെളിവുകൾ കണ്ടെത്താൻ ആയില്ലെന്ന് പൊലീസ്. ദൂരെ നിന്നുള്ള സിസിടിവി പരിശോധിച്ചതിൽ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി ദൃശ്യങ്ങൾ ലഭിച്ചില്ല. ദേശീയപാതയിൽ നിയന്ത്രണം തെറ്റി സ്‌കൂട്ടർ മറിഞ്ഞതായിരിക്കാം എന്നാണ് നിഗമനം. പാലക്കാട് ചക്കാന്തറ സ്വദേശിനിയും കോയമ്പത്തൂർ എജെകെ കോളജിലെ അധ്യാപികയായ 36 കാരിയായ ആൻസിയാണ് രാവിലെ നടന്ന അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ കൂടി പുതുശേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ആൻസി ഓടിച്ചിരുന്ന സ്‌കൂട്ടർ സർവീസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ആൻസിയുടെ കൈ മുട്ടിനു താഴെയാണ് അറ്റുപോയത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.


