മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തിയതു ശ്വാസം മുട്ടിച്ചെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ശരീരത്തിൽ മറ്റു മുറിവുകളില്ല. മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമില്ല. രണ്ടു കൈലി മുണ്ടും ഒരു ഷർട്ടും ഉപയോഗിച്ചു കഴുത്തു ഞെരിച്ചാണു ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

എട്ടു പവന്റെ മാലയും ഒരു പവൻ്റെ കുരിശു ലോക്കറ്റും കഴുത്തിൽ ഉണ്ടായിരുന്നു. ഇതു കവർച്ച നടത്തിയവർ പൊട്ടിച്ചെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കു പിന്നാലെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. പോസ്‌റ്റ് ഓഫിസിനു സമീപം പുതുവേലിൽ സ്‌റ്റോഴ്സ‌് എന്ന കട നടത്തിയിരുന്ന ജോർജ് ഉണ്ണുണ്ണി (73) ശനിയാഴ്ച ഉച്ചതിരിഞ്ഞാണു കൊല്ലപ്പെട്ടത്. വായിൽ തുണിതിരുകി കൈകാലുകൾ കെട്ടിയനിലയിലായിരുന്നു മൃതദേഹം.

ഉച്ചയ്ക്കുശേഷം, വെയിലേൽക്കാതിരിക്കാൻ കടയുടെ മുൻഭാഗം പച്ച കർട്ടൻ ഉപയോഗിച്ചു മറച്ചശേഷം ജോർജ് കടയിൽ കിടന്നുറങ്ങാറുണ്ട്. വൈകിട്ട് കൊച്ചുമകൻ വന്നു നോക്കിയപ്പോഴാണു ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയിലേക്കു സാധനങ്ങൾ വാങ്ങിക്കുന്നതിനായി കുറച്ചധികം പണം കടയിൽ സൂക്ഷിക്കാറുണ്ടായിരുന്നു. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്ം മോഷ്‌ടിച്ചു. ജോർജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണു പ്രാഥമിക നിഗമനം.


