പട്ടാപ്പകല്‍ വീട്ടില്‍ നിന്നും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ഫലാഹില്‍ ഇസ്മായിലിനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രിജി നഗറിലെ എല്‍ഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദേവിയുടെ വീട്ടില്‍ നിന്നുമാണ് ഇയാള്‍ 95 പവന്‍ കവര്‍ന്നത്.

ജനുവരി ഒന്നിന് വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് പകല്‍ മോഷണം നടത്തുന്ന നൂറ്റമ്പതോളം പേരെകുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയും ഇവരില്‍ ജയിലിന് പുറത്തുള്ളവരെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

ഡിസംബര്‍ രണ്ടിനാണ് മാവേലിക്കര ജയിലില്‍ നിന്നും ഇസ്മായില്‍ പുറത്തിറങ്ങിയത് എന്ന് പൊലീസ് മനസ്സിലാക്കി. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട്ടെ ജൂവലറിയില്‍ ഇയാള്‍ വിറ്റിരുന്നു. ഇതില്‍ 80 പവന്‍ പൊലീസ് കണ്ടെടുക്കുകയും സ്വര്‍ണം വിറ്റ് ലഭിച്ച പണം പിടിച്ചെടുക്കുകയും ചെയ്തു.

ആളില്ലാത്ത വീടാണ് എന്ന് ഉറപ്പാക്കിയ ശേഷം വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്ന് പൊലീസ് പറഞ്ഞു.

ധര്‍മടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് ടൗണ്‍, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇസ്മായിലിന്റെ പേരില്‍ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.



