പന്ത്രണ്ടും പതിനാലും വയസ്സുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന രണ്ട് കേസുകളിൽ പ്രതിയെ 16 വർഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീർവേലി ഇടയിൽപ്പീടിക ഹൗസിൽ മൊയ്തുട്ടി വമ്പനെയാണ് (80) തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.

നീന്തൽ പഠിപ്പിക്കാമെന്ന വ്യാജേന പീഡിപ്പിച്ചെന്നാണ് കേസ്. 12 വയസ്സുകാരനെ വീട്ടിലും നീർവേലി പുഴക്കടവിലും വണ്ണാത്തിപ്പാറയിലും വെച്ച് പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവിനും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒൻപതുമാസംകൂടി തടവനുഭവിക്കണം. 2018 ജൂൺ ഒൻപതുമുതലാണ് പീഡിപ്പിച്ചത്.

നീർവേലി പുഴക്കരയിൽ പതിനാലുകാരനെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവനുഭവിക്കണം. 2018 മേയ് ആറുമുതലാണ് പീഡനം നടന്നത്. 2018-ൽ കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.മുരളീധരനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ബാസുരി ഹാജരായി.


