നായനിരോധനത്തിൽ കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹർജിയിലാണ് കോടതിയുടെ നോട്ടിസ്.

പിറ്റ്ബുൾ, ടെറിയർ, ടോസ ഇനു, റോട്ട് വീലർ, ഫില ബ്രസീലീറോ, ഡോഗോ അർജൻറീനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കങ്കൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോർജനാക്, ജാപ്പനീസ് ടോസ, അകിത, മാസ്റ്റിഫ്, റോട്ട് വീലർ, റോഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ് ഉൾപ്പെടെയുള്ള നായ്ക്കളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിൻ്റെ നീക്കം.

23 ഇനം നായ്ക്കൾ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ നിർദേശം നടപ്പിലാക്കിയത്. പട്ടികയിലെ നായകളുടെ വിൽപനയ്ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ, ക്ഷീര പരിപാലന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിരുന്നു. ഈ ഇനങ്ങളിൽപ്പെട്ട നായകളുടെ പ്രജനനം തടയുന്നതിനു വന്ധ്യംകരണം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും നോട്ടിസിൽ ചൂണ്ടിക്കാണിക്കുന്നു.




