തൃശൂർ കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്‌പെൻഷൻ. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടി. കോടതി നടപടികൾ നേരിടുന്ന പശ്ചാത്തലത്തിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

തൃശൂർ റേഞ്ച് ഡിഐജി ആർ ഹരിശങ്കർ ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. 4 പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പൊലീസുകാരെ പിരിച്ചുവിടാമെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ട്. പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന തൃശൂർ റേഞ്ച് ഡിഐജിയുടെ ശിപാർശയിന്മേലാണ് പൊലീസിന് നിയമോപദേശം. കേസ് കോടതിയിലാണെന്നത് നടപടിക്ക് തടസമല്ല. നാല് പൊലീസുകാർക്കും അടുത്ത ആഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകും.


