തിഹാർ ജയിലിൽ ദിവസേന 15-മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്‌ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി ഡൽഹി റോസ് അവന്യു കോടതിയാണ് തള്ളിയത്.

അവശ്യമായ വൈദ്യചികിത്സ നൽകണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തിൽ മെഡിക്കൽ ബോർഡിനെ ജയിൽ അധികൃതർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമടങ്ങുന്നതായിരിക്കണം.

നേരത്തേ കെജ്‌രിവാളിനെ ഇടക്കാലജാമ്യത്തിൽ വിട്ടയക്കണമെന്ന ഹർജിയും കോടതി തള്ളിയിരുന്നു. ഇ.ഡിയും സംസ്ഥാനവും രജിസ്റ്റർ ചെയ്‌ത എല്ലാ ക്രിമിനൽ കേസുകളിൽ നിന്നും ഇടക്കാല ജാമ്യം നൽകി ജയിൽ മോചിതനാക്കണമെന്ന ഹർജിയാണ് ഡൽഹി കോടതി തള്ളിയത്.

അതോടൊപ്പം പരാതിക്കാരന് 75000 രൂപ പിഴയും കോടതി വിധിച്ചു. എ.എ.പി നേതാവ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കോടതിയുടെ ഉത്തരവിലാണെന്നും കോടതി പരമാർശിച്ചു.



