തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം പേരെ വിദേശത്തേക്ക് അയച്ചതായാണു കണ്ടെത്തൽ.

വിവിധ വീസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ കേസെടുത്തു. മികച്ച ജോലികൾ ലഭ്യമാകുമെന്നു വാഗ്ദാനം ചെയ്തു റഷ്യ-യുക്രൈൻ യുദ്ധ മേഖലയിലേക്കു യുവാക്കളെ അയച്ചെന്നതാണ് ഇവർക്കെതിരായ ആരോപണം. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈൽ എന്നിവയും ഇതുവരെയുള്ള പരിശോധനയിൽ പിടിച്ചെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്യുകയാണ്.

റഷ്യയിൽ കുടുങ്ങി യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസാൻ (30) എന്നയാൾ കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരണം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവിധയിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തുന്നത്.

അസ്ഫാനെ റഷ്യയിൽനിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയെ കണ്ടിരുന്നു. തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി എംപി ബന്ധപ്പെട്ടപ്പോളാണ് മരണവിവരം അറിഞ്ഞത്. റഷ്യൻ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലികൾ പ്രതീക്ഷിച്ച് റഷ്യയിൽ എത്തിയവരാണു യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായത്.


