തപാൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരം ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോൾ ഐപിസി 465,468,471 വകുപ്പുകളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ഗുരതരമായ ആരോപണമാണ് വെളിപ്പെടുത്തലിലിലൂടെ സുധാകരനെതിരെ ഉയർന്നത്. 1989-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സർവീസ് സംഘടനാ അംഗങ്ങളിൽനിന്ന് ലഭിച്ച തപാൽ വോട്ടുകൾ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ചു തുറന്നുനോക്കിയിട്ടുണ്ടെന്നും തിരുത്തിയിട്ടുണ്ടെന്നുമാണ് ബുധനാഴ്ച അദ്ദേഹം ആലപ്പുഴയിൽ പ്രസംഗിച്ചത്. എൻജിഒ യൂണിയൻ്റെ പൂർവകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രസംഗം.

സുധാകരന്റെ വെളിപ്പെടുത്തലിനെ സിപിഎമ്മും അന്നത്തെ സ്ഥാനാർഥി കെ.വി. ദേവദാസും തള്ളിപ്പറഞ്ഞു. അതോടെ വ്യാഴാഴ്ച ചേർത്തല കടക്കരപ്പള്ളിയിൽ സിപിഐയുടെ ചടങ്ങിൽ അദ്ദേഹം മലക്കംമറിയുകയും ചെയ്തു. ‘പാർട്ടി ഓഫീസിൽ ആരും ബാലറ്റ് തുറന്നിട്ടുമില്ല, തിരുത്തിയിട്ടുമില്ല. പോസ്റ്റൽ ബാലറ്റ് പരിശോധിക്കുന്ന രീതി പാർട്ടിയിലില്ല. അല്പം ഭാവന കലർത്തി പറഞ്ഞുവെന്നു മാത്രം’ എന്ന് സുധാകരൻ തിരുത്തി പറഞ്ഞു.
‘കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയിൽനിന്ന് പാർലമെന്റിലേക്കു മത്സരിച്ചപ്പോൾ ജില്ലാകമ്മിറ്റി ഓഫീസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങൾ തിരുത്തി. ഇനി എൻ്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു സുധാകരൻ ആദ്യം പറഞ്ഞത്. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ സുധാകരൻ്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.


