ജില്ലാജഡ്‌ജി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യു.പി.യിലെ വനിതാ ജുഡീഷ്യൽ ഓഫീസർ നൽകിയ പരാതിയിൽ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി തത്‌സ്ഥിതി റിപ്പോർട്ട് തേടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നിർദേശപ്രകാരം സെക്രട്ടറി ജനറലാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് റിപ്പോർട്ട് തേടിയത്.

അപമാനിതയായ തനിക്ക് അന്തസ്സോടെ മരിക്കാൻ അനുമതിതരണമെന്നാവശ്യപ്പെട്ടാണ് ജുഡീഷ്യൽ ഓഫീസർ ചീഫ് ജസ്റ്റിസിന് തുറന്നകത്തയച്ചത്. അങ്ങേയറ്റം പീഡനത്തിനിരയാക്കപ്പെട്ട തന്നെ വെറും ഉച്ഛിഷ്ടമായാണ് പരിഗണിച്ചതെന്നും കത്തിൽ പറയുന്നു.
“സാധാരണക്കാരന് നീതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലും ആവേശത്തിലുമാണ് ഞാൻ ജോലിയിലേക്ക് പ്രവേശിച്ചത്. എന്നാൽ നീതിക്കുവേണ്ടിയുള്ള വാതിലിനുമുന്നിൽ യാചകയായി നിൽക്കേണ്ടി വരുന്ന അവസ്ഥ ഞാൻ കാണുന്നു. തുറന്ന കോടതിയിൽ അപമാനിക്കപ്പെടുകയെന്ന ഗതികേടും ഈ ചുരങ്ങിയ കാലത്തെ തൊഴിൽ വേളയിൽ ഞാൻ നേരിടേണ്ടി വന്നു. ഞാൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. വെറും ചവറ് പോലെയാണ് എന്നോട് പെരുമാറിയത്. ഒരു പുഴുവിനെ പോലെയാണ് എനിക്ക് സ്വയം തോന്നുന്നത്. ജീവിക്കാനായി എനിക്ക് ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര കൊല്ലമായി ജീവനുള്ള ശവമാണ് ഞാൻ. ആത്മാവില്ലാത്ത ജീവനില്ലാത്ത ഈ ശരീരം താങ്ങി നടക്കുന്നതിൽ കാര്യമില്ല. അഭിമാനത്തോടെ മരിക്കാനുള്ള അനുവാദം നൽകണം”, വനിതാ ജഡ്‌ജി ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ പറയുന്നു. ആത്മഹത്യക്ക് ശ്രമിച്ച കാര്യവും ഇവർ കത്തിൽ പരമാർശിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ വ്യാഴാഴ്ച്ച മുതൽ ഈ കത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജില്ലാ ജഡ്ജിയും സഹപ്രവർത്തകരും ചേർന്ന് പീഡിപ്പിച്ചെന്നാരോപിച്ച് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കത്തിൽ പറയുന്നത്. പിന്നീട് ഹൈക്കോടതിയുടെ ആഭ്യന്തര പരാതിസമിതിയെ ജൂലായിൽ സമീപിച്ചെങ്കിലും ആറുമാസം കഴിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ആരോപണവിധേയനായ ജില്ലാ ജഡ്‌ജിയുടെ കീഴുദ്യോഗസ്ഥരെ സാക്ഷിയാക്കിയുള്ള അന്വേഷണം പ്രഹസനമാണെന്നും നീതിപൂർവ്വമായ അന്വേഷണം വേമമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.


