ഓയൂർ (കൊല്ലം): ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോൺകോൾ വന്നിരുന്നു. കുട്ടിയുടെ കൈയ്യിൽ നിന്നാണ് അമ്മയുടെ നമ്പർ ലഭിച്ചതെന്നാണ് തട്ടിക്കൊണ്ടുപോയവർ അറിയിച്ചത്. വൈകിട്ട് 7.45 ഓടെയാണ് ഫോൺ വന്നത്.

സൈബർ സെല്ലിൻ്റെ സഹായത്തോടെ ഈ നമ്പർ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിക്കൊണ്ടുപോയവർ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരൻ ജൊനാഥൻ അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിൻ്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിൽ ഒരു സ്ത്രീയുമുണ്ട്.
കുട്ടിയുടെ വീട് സന്ദർശിച്ച ചാത്തന്നൂർ എം.എൽ.എ ജയലാൽ ഫോൺകോളിന്റെ ആധികാരികത പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞു. കുട്ടിയെ കണ്ടുകിട്ടിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അത് വ്യാജമാണെന്നും ജയലാൽ പറഞ്ഞു. പോലീസിന്റെ സ്പെഷ്യൽ ടീമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം അഭികേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്.

കാറ്റാടിമുക്കിൽവെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥൻ പറയുന്നു. ‘സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാറിനടുത്തെത്തിയപ്പോൾ വണ്ടിയിലുണ്ടായിരുന്ന ഒരാൾ ഒരു പേപ്പർ നൽകി അമ്മയ്ക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. താൻ ഇത് നിരസിച്ചെങ്കിലും അഭികേൽ പേപ്പർ വാങ്ങി. ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാൻ ശ്രമിച്ചപ്പോൾ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. – സഹോദരൻ ജൊനാഥൻ പറഞ്ഞു.


