71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേൽപ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്.

അതേസമയം രണ്ടു ബോട്ട് ക്ലബുകൾക്കെതിരെ പരാതിയുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് രംഗത്തെത്തി. എൻടിബിആർ ചെയർമാനാണ് പരാതി നൽകിയത്. ഫൈനൽ യോഗ്യത നേടിയ നിരണം (നിരണം ബോട്ട് ക്ലബ്), നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) എന്നീ ചുണ്ടൻവള്ളങ്ങൾ 25 ശതമാനം പ്രൊഫഷണൽ തുഴച്ചിൽക്കാർ എന്ന നിയമം ലംഘിച്ചുവെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആരോപിച്ചു.
ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ചത് നടുഭാഗമാണ്( 4.20.904). രണ്ടാമത് നിരണം 4.21.269, മൂന്നാമത് വീയപുരം 4.21. 810. നാലാം സ്ഥാനം മേൽപ്പാടം ചുണ്ടൻ(4.22.123). ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്‌സിൽ വീയപുരം വിബിസി ചുണ്ടൻ ഒന്നാമതെത്തി.


