കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തോട് പിഴയൊടുക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000 രൂപ നൽകാൻ ബെംഗളൂരു ഉപഭോക്തൃകോടതി ആവശ്യപ്പെട്ടു. 2022 ഒക്ടോബറിൽ ഇവർ നൽകിയ പരാതിയിലാണ് നടപടി. പേപ്പർ ക്യാരി ബാഗിനായി യുവതിയിൽനിന്ന് 20 രൂപയാണ് ബെംഗളുരുവിലെ ഐകിയയുടെ ഷോറൂമിൽ നിന്ന് കൈപ്പറ്റിയത്.

സ്വീഡിഷ് ഫർണിച്ചർ സ്ഥാപനമായ ഐകിയയിൽ യുവതി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സന്ദർശനം നടത്തിയത്. വാങ്ങിയ സാധനങ്ങൾ കൊണ്ടുപോകാൻ ക്യാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരൻ ക്യാരി ബാഗ് നൽകുകയും 20 രൂപ ചാർജ് ഈടാക്കുകയും ചെയ്തു. കമ്പനിയുടെ ലോഗോ പതിച്ച ബാഗായിരുന്നു യുവതിക്ക് നൽകിയത്. വാങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ നൽകിയ ബാഗിന് അധികമായി പണമടയ്ക്കേണ്ടി വന്നത് യുവതിയെ ചൊടിപ്പിച്ചു.
ഇത് ചോദ്യം ചെയ്യുകയും സാധനങ്ങൾ വാങ്ങുന്ന സമയത്ത് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയില്ലെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാതെ വന്നതോടെ യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.

സംഭവം പരിശോധിച്ച കമ്മിഷൻ യുവതിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തുകയും സ്ഥാപനത്തിന്റെ അന്യായ വ്യാപര രീതിക്കെതിരേ പ്രതികരിക്കുകയും ചെയ്തു. മാളുകളുടെയും വൻകിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളിൽ അനിഷ്ടം പ്രകടിപ്പിച്ച കോടതി, യുവതിക്ക് നഷ്ടപരിഹാരമായി 3000 രൂപ നൽകാനും ആവശ്യപ്പെട്ടു.


