കന്നഡയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന കമൽ ഹാസന്റെ വിവാദപ്രസ്താവനയ്ക്കെതിരെ കന്നഡ ഭാഷാപണ്ഡിതർ രംഗത്ത്. കമൽ ഹാസന്റെ വാക്കുകൾ ബുദ്ധിശൂന്യമാണെന്ന് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഹംപ നാഗരാജയ്യ പറഞ്ഞു. കമൽ ഹാസൻ അവകാശവാദം പരിപൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദ്രാവിഡ ഭാഷകളെല്ലാം ഉത്ഭവിച്ചത് ഇന്ന് നിലവിലില്ലാത്ത ആദിമ ദ്രവീഡിയൻ ഭാഷയിൽനിന്നാണെന്ന് ഹംപ നാഗരാജയ്യ പറഞ്ഞു. ഇതിൽ തന്നെ ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷകളാണ് തമിഴും കന്നഡയും. ഇവരണ്ടും ഒരേ കുടുംബത്തിൽ ഉൾപ്പെടുന്ന സഹോദരഭാഷകളാണ്. ഒരുഭാഷയും മറ്റൊരു ഭാഷയുടെ മാതൃരൂപമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമലിന്റെ പ്രസ്താവന അബദ്ധവും അസംബന്ധവുമാണെന്ന് കന്നഡ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനും ഭാഷാധ്യാപകനുമായ പുരുഷോത്തമ ബിലിമാലെ പറഞ്ഞു. കമൽ ഹാസൻ്റെ പ്രസ്‌താവന അപമാനകരവും പ്രകോപനപരവുമാണ്. കന്നഡ, തമിഴ്, തുളു, തെലുങ്ക്, മലയാളം ഉൾപ്പെടെ നൂറോളം ഭാഷകൾ ആദിമ ദ്രവീഡിയൻ ഭാഷയിൽനിന്ന് വന്നതാണ്. ആ ഭാഷ ഇപ്പോൾ നിലവിലില്ല. ഒഡിഷയിൽ സംസാരിക്കുന്ന കുയി എന്നൊരു ഭാഷയുണ്ട്. അത് തമിഴിനേക്കാൾ പഴയതാണ്. അതും ദ്രാവിഡ ഭാഷയാണ്. ഒരുഭാഷ മറ്റൊരു ഭാഷയിൽനിന്ന് ഉടലെടുത്തതാണെന്ന വാദം അപകടകരമാണ്. അത് ആധിപത്യമനോഭാവത്തിൽനിന്ന് ഉടലെടുക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ എല്ലാഭാഷകളുടേയും പിറവി സംസ്‌കൃതത്തിൽനിന്നാണെന്ന വാദത്തേയും പുരുഷോത്തമ ബിലിമാലെ എതിർത്തു. സംസ്‌കൃതം ഇൻഡോ-ആര്യൻ ഭാഷയാണ്. നൂറ്റാണ്ടുകളുടെ ഉപയോഗത്തിനിടെ നിരവധി സംസ്കൃത വാക്കുകൾ ദ്രാവിഡ ഭാഷകളിലേക്ക് കടന്നുകയറിയിട്ടുണ്ട്. എന്നാൽ, അതിനർഥം ഏതെങ്കിലും ദ്രാവിഡ ഭാഷയുടെ മാതാവ് സംസ്കൃതമാണെന്നല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘തഗ് ലൈഫി’ന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് കന്നഡയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന് അവകാശപ്പെടുന്ന പ്രസ്‌താവന കമൽ ഹാസൻ നടത്തിയത്. പരാമർശത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം രംഗത്തെത്തിയിരുന്നു. നടൻ ശിവരാജ് കുമാറിൻ്റെ സാന്നിധ്യത്തിൽ നടത്തിയ പരാമർശത്തിനെത്തിൽ കമൽ ഹാസനോട് മാപ്പ് ആവശ്യപ്പെടാൻ കന്നഡ സിനിമാമേഖലയ്ക്കുമേലും സമ്മർദ്ദമുണ്ട്. അതേസമയം, തൻ്റെ പ്രസ്‌താവന സ്നേഹത്തിൽനിന്നാണെന്നും മാപ്പ് പറയില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു.



