താരനിരയുടെ വലുപ്പംകൊണ്ട് മലയാളസിനിമാ ലോകത്ത് അടുത്ത കാലത്തായി വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നത് മഹേഷ് നാരായണൻ്റെ മോഹൽലാൽ-മമ്മൂട്ടി ചിത്രമാണ്. മലയാളത്തിൻ്റെ താരരാജാക്കന്മാർക്കുപുറമേ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി അടക്കം നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ എട്ടാം ഷെഡ്യൾ ചിത്രീകരണം ശ്രീലങ്കയിൽ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ ചുറ്റിപ്പറ്റി ഏറെ നാളായി ചർച്ചകൾ തുടരുകയാണ്.

രാജ്യത്ത് എത്തിയ മോഹൻലാലിനെ സ്വാഗതംചെയ്‌തുകൊണ്ടുള്ള ശ്രീലങ്കൻ ടൂറിസത്തിന്റെ സാമൂഹികമാധ്യമ പോസ്റ്റ് വളരേയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവരുടെ പോസ്റ്റിൽ ‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് പരാമർശിച്ചിരുന്നു. ഇതിപ്പോൾ മോഹൻലാൽ തന്നെ സ്ഥിരീകരിക്കുകയാണ്. ഒരു ശ്രീലങ്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ പേര് വെളിപ്പെടുത്തുന്നത്.

ഷൂട്ടിങ്ങിനെത്തിയ മോഹൻലാലിന് വലിയ സ്വീകരണമാണ് ശ്രീലങ്കയിൽ ലഭിച്ചത്. ശ്രീലങ്കൻ പാർലമെൻ്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഒരു ശ്രീലങ്കൻ മാധ്യമത്തിൽ അദ്ദേഹത്തിൻ്റെ അഭിമുഖം വന്നത്. ഇതിലാണ് മോഹൻലാൽ ചിത്രത്തിൻ്റെ പേര് വെളിപ്പെടുത്തിയത്. ശ്രീലങ്കയിൽ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹൻലാൽ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

ഇതെന്റെ രണ്ടാം സന്ദർശനമാണ്. നേരത്തെ ഒരു ഷെഡ്യൂളിന് ഇവിടെ വന്നിരുന്നു. ഒരുവലിയ ചിത്രമാണ് ഞങ്ങൾ ചെയ്യുന്നത്. താരനിരയുടെ കാര്യത്തിലാണ് ചിത്രം വലുതാവുന്നത്. ഞാൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ അടക്കം നിരവധിപ്പേർ. ‘പേട്രിയറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം സംഭവിക്കുന്നത്. ഇന്ത്യ, ബാക്കു, യുകെ, ഗൾഫ് എന്നിവിടങ്ങളിലും ഏതാനും ഭാഗങ്ങൾ ശ്രീലങ്കയിലുമായാണ് ചിത്രീകരണം’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ.



