സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുകയാണ്. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നാണ് സെൻസർ ബോർഡിനോട് ചൊവ്വാഴ്‌ച ഹൈക്കോടതി ചോദിച്ചത്. ഇപ്പോഴിതാ വിവാദത്തിൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നുമാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി അറിയിച്ചത്. കേസിൽ ഹർജിക്കാരന്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്കാരവുമായി ബന്ധപ്പെട്ടെന്നാണ് സെൻസർ ബോർഡ് മറുപടി നൽകിയത്.

ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കോസ്മോസ് എൻ്റർടെയ്ൻമെൻ്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സിനിമയുടെ പേരും കഥാപാത്രത്തിൻ്റെ പേരും ‘ജാനകി’ എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.



