ഉറങ്ങാൻ സമ്മതിച്ചില്ലെന്ന് ആരോപിച്ച് തൃശൂർ കേച്ചേരി തൂവാന്നരിൽ 4 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. തൃപ്രയാർ സ്വദേശി പ്രസാദ് ആണ് കുട്ടിയെ മർദിച്ചത്. ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞു തെങ്ങിൻ മടൽ കൊണ്ട് കുട്ടിയെ പ്രസാദ് മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിക്ക് നേരെയാണ് ക്രൂര മർദനം. തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും തൂവാനൂരിൽ താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നതിനെ തുടർന്ന് ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് തെങ്ങിൻ മടൽ കൊണ്ട് കുട്ടിയെ പ്രസാദ് ആക്രമിച്ചത്.

സംഭവത്തിൽ കേസ് എടുക്കാൻ സിഡബ്ല്യുസി ചെയർപേഴ്‌സൺ അഡ്വക്കറ്റ് നിമ്മി ബിനോയ് കുന്നംകുളം പൊലീസിന് നിർദേശം നൽകി. സംഭവത്തിന് ശേഷം പ്രസാദ് ഒളിവിലാണ്.



