ഭഗവല്‍ സിംഗ് എന്ന പേരില്‍ അച്ഛന്റെ ചിത്രം പ്രചരിപ്പിക്കുന്നു മാനനഷ്ട കേസ് നൽകുമെന്ന് വിദ്ധാർത്ഥി

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്റേതെന്ന പേരില്‍ തന്റെ അച്ഛന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗോകുല്‍ പ്രസന്നന് എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ പിതാവിന് നേരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞദിവസം നടന്ന കോടിയേരി ബാലകൃഷ്ണന് അനുസ്മരണ പരിപാടിയില്‍ പ്രസന്നന് പങ്കെടുത്ത ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഗോകുല്‍ പറഞ്ഞു

ഭഗവല്‍ സിങിന്റെ സിപിഐഎം ബന്ധം ആരോപിച്ചാണ് സിപിഐഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ പ്രസന്നനെതിരെ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത്. രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളെന്ന പേരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തന്റെ അച്ഛന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും പത്തനംതിട്ട സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ പ്രസന്നന് വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു



