നഗരമധ്യത്തിൽ തമിഴ്നാട് സ്വദേശിയായ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ ക്രൂരമായി വെട്ടിക്കൊന്ന നെടുമങ്ങാട് മൂഴി സ്വദേശി അജീഷ് (36) ലഹരിമരുന്ന് അമിതമായി ഉപയോഗിച്ച് ‘സൈക്കോ’ അവസ്ഥയിലാണെന്ന് പൊലീസ്. റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷിന്റെ വാക്കുകൾ. ‘9 തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും’– അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽതന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി.

വർക്‌ഷോപ്പ് നടത്തിയിരുന്ന അജീഷ്, 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. പ്രാദേശികമായി അറിയപ്പെട്ടെങ്കിലും എല്ലാവരും അറിയുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. തലസ്ഥാന നഗരത്തിലെത്തി പകൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതോടെ എല്ലാവരും ഇനി പേടിക്കുമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.


