ഇന്ത്യയുമായി യുദ്ധമുണ്ടായാൽ രാജ്യം വിടുമെന്ന് വെളിപ്പെടുത്തി പാകിസ്‌താൻ എംപി. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രിക് ഇ ഇൻസാഫിൻ്റെ നേതാവായ ഷേർ അഫ്‌സൽ ഖാൻ മർവാത് ആണ് രാജ്യം വിടുമെന്ന് അറിയിച്ചത്. ഇമ്രാൻ ഖാൻ്റെ അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് എംപി രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയുമായി യുദ്ധം പൊട്ടിപുറപ്പെട്ടാൽ തോക്കെടുത്ത് മുൻനിരയിലേക്ക് പോകുമോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ എംപിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഞാൻ ഇംഗ്ലണ്ടിലേക്ക് പോകും’.
ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം ലഘൂകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോകണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു ഷേർ അഫ്‌സൽ ഖാന്റെ പ്രതികരണം.


